Monday, September 15, 2014

തുറുവങ്കുഴി പടിക്കലെ പാടത്ത് ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ ഞാറ് നട്ടു .


തച്ചനാട്ടുകര :പുതു തലമുറക്ക്‌ കൗതുകമായി അമ്പത്തിമൂന്നാം മൈൽ തുറുവങ്കുഴി പടിക്കലെ പാടത്ത് ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ ഞാറ് നട്ടു .
പടിക്കലെ കണ്ടം നിരത്തലാണേ ..
ചെന്തരണി ഞാറ് കുറുക പറിച്ചേ ....
കുറുക മുറിഞ്ഞേ ..
മമ്പാല ഞാറുണ്ട് വരുന്നൂ
വെള്ളിക്കൈക്കോട്ടേ ..
അതിന്റെ കയ്യും പണി ചുരുങ്ങിപ്പോയെ .
എന്ന് തുടങ്ങിയ പാട്ടും ആരവങ്ങളുമായി തങ്കന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘം ഉഴുതുമറിച്ച ചേറ്റുകണ്ടത്തിൽ ഞാറ് നടീൽ ആരംഭിച്ചപ്പോൾ അത് പഴമയിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് സമ്മാനിച്ചത്‌.കുഞ്ഞാടി ,കുമാരൻ ,മുഹമ്മദ്കുട്ടി ,രാമൻ .നീലി, കാളി ,വെളുത്തക്കി ,വെള്ളക്കി ,അക്കമ്മ ,വള്ളി ,മാളു .മുണ്ടി തുടങ്ങി പഴയകാല തൊഴിലാളികൾക്കൊപ്പം ,പുതു തലമുറയിലെ ജാനകി,മാധവി .രാധ ,തങ്ക തുടങ്ങിയവർകൂടി ചേർന്നപ്പോൾ അത് പുതുതലമുറക്ക്‌ പഴയ കാല കൃഷിയുടെ പാഠം പകർന്ന് നൽകുന്ന വേദികൂടി ആയി മാറി .പഴമയുടെ തനിയാവർത്തനം ഭക്ഷണത്തിലും പ്രകടമായിരുന്നു ,ഹോട്ടലുകളിൽ നിന്നും ഭക്ഷണം പൊതിയായി കൊണ്ടുവരുന്ന നിലവിലെ രീതിയിൽനിന്നും മാറി പാട വരമ്പത്ത് തന്നെ കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി വിളമ്പുകയായിരുന്നു.പ്രദേശത്ത് ഏക്കർ കണക്കിന് വയലിൽ നെൽകൃഷി നടന്ന് വന്നിരുന്നെങ്കിലും ഏറെക്കാലമായി വയലുകൾ തരിശിടുകയോ ,കവുങ്ങ് വെക്കുകയോ ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ നെൽകൃഷിയൊക്കെ പുതു തലമുറക്ക്‌ കൌതുകമാണ് സമ്മാനിക്കുന്നത് .

No comments:

Post a Comment